search your trip place

Friday, November 27, 2020

കാറ്റ് കഥ പറയുന്ന സ്ഥലത്തേക്ക് ഒരു യാത്ര

budget on wheels ramakkalmedu

 

രാമക്കൽമേട്

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്‌ .പശ്ചിമഘട്ട മലനിരകളിലായി സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട്‌ സ്ഥിതിചെയ്യുന്നത് .ഇത്രയും  ഉയരം കിഴടക്കി രാമക്കല്മേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്‌നാടിന്റെ സൗന്ദര്യം കാണാം

കേരളത്തിലെ മലമുകളിൽ നിന്ന് തമിഴ്നാട് നോക്കികാണുന്നതിന്റ്റെ ത്രില്ല് അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു .വിമാനത്തിലെ വിൻഡോയിലൂടെ ഭൂമിയിലെ കാഴ്ചകൾ കാണുന്ന അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉണ്ടാവുക .ചരിത്ര പ്രധാന്യമുള്ള ഈ മലനിരയിലേക്ക് നിരവധി സഞ്ചാരികളാണ് എത്താറുള്ളത് 

travel on wheels,asish jolly ,ramakkalmed



 രാമക്കൽമേടിലെ കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പർവതവക്കിലേക്കാണ് .പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ തൊട്ടുമുന്നിൽ കിലോമീറ്ററുകളോളം ദൂരം അഗാതമായികിടക്കുന്നു.പാർവതച്ചുവട്ടിൽ നിന്നും മറ്റൊരു ലോകം ആരംഭിക്കുന്നത് പോലെ ,നോക്കെത്താ ദൂരത്തോളം സമതലത്തിൽ ചതുരാകൃതിയിൽ പാടങ്ങൾ ,തെങ്ങിൻ തോപ്പുകളും  നാരകത്തോട്ടങ്ങളും   മുന്തിരിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങൾ.

ദൂരെ ആകാശത്തിന്റെ അതിരോളം പടർന്നുകിടക്കുന്ന താഴ്വര .പച്ചപ്പിന്റെ ചതുര പാടങ്ങൾക്കിടയിൽ തീപ്പെട്ടിക്കൂടുപോലെ വീടുകൾ .തമിഴ് നാടിന്റെ കൃഷിയിടങ്ങളും എല്ലാം ഒരു ക്യാൻവാസിൽ കാണുന്ന പ്രതീതിയാണ് കുന്നിന്റെ മുകളിലെ കാഴ്ചയിലൂടെ ലഭിക്കുന്നത്.തേവാരം ,കമ്പം തുടങ്ങിയ പട്ടങ്ങളുടെ ഇവിടെ നിന്ന്  നമുക്ക് കാണുവാൻ സാധിക്കും .തെളിഞ്ഞ കാലാവസ്ഥയാണ് എങ്കിൽ മധുരയുടെ സാന്നിധ്യവും കണ്ടനുഭവിക്കാം.ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് സൂര്യാസ്തമയം

travel on wheels,asish jolly ,ramakkalmed

രാമക്കൽമേട് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം. ഓർമ്മവരുന്നത് എല്ലായിപ്പോഴും നിലക്കാത്ത കാറ്റാണ്  ,ഇന്ത്യയിൽ ഏറ്റവുമധികം കാറ്റുവീശുന്നത് ഇവിടെയാണ്  സാധാരണയായി  മണിക്കൂറിൽ 32.5 കിലോമീറ്റർ വേഗതയാണ് ഇവിടുത്തെ കാറ്റിന് ഉള്ളത് .എന്നാൽ 100 കിലോമീറ്റർ വേഗത്തിലും  കാറ്റ്  ഇവിടെ വീശാറുണ്ട് .അതുകൊണ്ടുതന്നെ ഇവിടെ ധരാളം കാറ്റാടിയന്ത്രം ഉണ്ട് .

travel on wheels,asish jolly ,ramakkalmed
ഐതിഹ്യവും ചരിത്രവും ഏറെ പറയുവാനുള്ള ഒരിടമാണ് ഇടുക്കിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ രാമക്കൽമേട്
കേരള-തമിഴ് നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പക്ഷിയുടെ കണ്ണിൽ നിന്ന് കാണുന്ന പോലെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്

പുരാണങ്ങളുമായി ബന്ധപ്പെട്ട സ്ഥലമായതിനാൽ രാമക്കൽമേടിന് ധരാളം കഥകൾ പറയുവാനുണ്ട് .രാമന്റെ വനവാസക്കാലത്ത് സീതയെ രാവണൻ തട്ടികൊണ്ട് പോയപ്പോൾ രാമൻ ഇവിടെ അന്വേഷിച്ച് വന്നിരുന്നുവത്രെ .അപ്പോൾ രാമന്റെ കാൽപ്പാദം ഇവിടെ പതിഞ്ഞുവെന്നാണ് കഥ. അങ്ങനെയാണ്" രാമൻ കാൽ വെച്ച ഇടം "എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത് . 

എത്ര തവണ ഇവിടെ എത്തിയാലും,എത്ര സമയം ചിലവഴിച്ചാലും തീരാത്ത കാഴ്ച്ചകളാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത.കാറ്റാടി യന്ത്രങ്ങളും കൃഷിയിടങ്ങളും കുറവൻ കുറുത്തി  പ്രതിമയും പാറക്കൂട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണം

travel on wheels,asish jolly ,ramakkalmed


ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെച്ചപോലെ കാണപ്പെടുന്ന പാറക്കെട്ടാണ് ഇവിടുത്തെ കല്ലുമ്മേക്കല്ല്.വനവാസകാലത്ത് പാണ്ഡവന്മാർ ഇവിടെ വന്നപ്പോൾ ഭ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ഈ കല്ല് എന്നാണ് വിശ്വാസം .മഴ ഉള്ള സമയത്ത് ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതു .പാറയിൽ നല്ല വഴുക്കൽ ഉള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്

എത്തിച്ചേരാൻ 
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തുനിന്നും 14 കിലോമീറ്റർ അകലെയാണ് രാമക്കൽമേട് സ്ഥിതിചെയ്യുന്നത് , കട്ടപ്പനയിൽ നിന്ന് 20 കിലോമീറ്റർ ,മുന്നാറിൽ നിന്നും 74 കിലോമീറ്റർ അകലെയാണിവിടം
കോട്ടയത്തുനിന്നും വരുന്നവർക്ക് ഇരാറ്റുപേട്ട ,വാഗമൺ ,കട്ടപ്പന ,നെടുങ്കണ്ടം ,തൂക്കുപാലം വഴി രാമക്കൽമേടിലെത്താം 124 കിലോമീറ്റർ ഈ വഴി സഞ്ചരിക്കണം 

Rmakkalmedu

country                      :India

state                           :Kerala

district                       :Idukki

Elevation                   :981m

Area code                  :04868

Vehicle  registration   :KL-69,

                                   :KL-37

    

Saturday, November 14, 2020

വിസ്മയ കാഴ്ചകളുടെ കലവറയുമായി കാത്തിരിക്കുന്ന ഗവി

 budget travel on wheels @ Gavi

 

ഗവി

കാടിനെ അടുത്തറിഞ്ഞ് പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര .കാട്ടരുവികളും കുന്നുകളും  കോടമഞ്ഞും കണ്ടു മലകയറി ചെല്ലുന്നതു വന്യവും നിഗൂഡവുമായ  കാഴ്ചകൾ കൊണ്ട് കൊതിപ്പിക്കുന്ന ഒരു കാട്ടിലേക്കാണ് ............ഗവി .കേരളത്തിൽ മറ്റെവിടെയും ലഭിക്കാത്ത ഒരു പ്രതേക അനുഭൂതി ആണ് ഗവി നമുക്ക് തരുന്നത് ,മല കയറി ചെല്ലുന്നതു വന്യജീവികളുടെയും കൊമ്പനാനയുടെയും സ്വന്തം ഗവിയിലേക്കാണ് .സഞ്ചാരികളെ ആകർഷിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം ...
 

gavi , travel on wheels ,travelonwheels, offroad , highrange,asish jolly,gavi tourist location, gavi blog,tech travel eat



ഓർഡിനറി എന്ന മലയാള സിനിമയിലൂടെ പുറംലോകമറിഞ്ഞ് പിന്നീട് എക്സ്ട്രാ ഓർഡിനറിയായി മാറിയ ഒരു സ്ഥലം  . സിനിമ ഇറങ്ങിയതിന്  ശേഷം ഗവിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് കാണാനായത് .എന്നാൽ  സഞ്ചാരികളുടെ എണ്ണം കൂടിയതിനൊപ്പം ഗവിയിലേക്ക് ഉള്ള യാത്രക്കും നിയന്ത്രണങ്ങൾ  ഏറിവരാൻ  തുടങ്ങി. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു ദിവസം  മുപ്പതു വാഹനങ്ങൾക്ക് മാത്രമേ ഗവിയിലേക്ക് പ്രവേശനം ഉള്ളു ,ചെക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്ന പാസ് മുഖേനയാണ് പ്രവേശനം ,പരിസ്ഥിതിലോല പ്രദേശവും വന്യമൃഗങ്ങളുടെ ആവാസസ്ഥലവും കൂടിയായതിനാലാണ്  വനം വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾക്ക്  ഗവിയിൽ കർശന നിയന്ത്രണമാണ്  

gavi,travel on wheels,asish jolly

 

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരെ കൊടും വനത്തിലൂടെയുള്ള യാത്ര ആവേശം കൊള്ളിക്കും .കിലോമീറ്ററുകളോളം ദൂരം വനത്തിലൂടെ  വേണം വാഹനമോടിക്കാൻ .ആനകളെയും കാട്ടുപോത്തുകളെയും വഴിയിൽ കാണാനുള്ള സാധ്യത കൂടുതലാണ് .കൊടുംവളവുകളും തിരിവുകളുമുള്ള റോഡിലൂടെ വേണം യാത്ര ചെയ്യാൻ .വളവുകൾ ഉള്ളതിനാൽ ദൂരെയുള്ള കാഴ്ച്ചകൾ കാണാൻ കഴിയില്ല .അതുകൊണ്ട് ആന അടക്കമുള്ള മൃഗങ്ങൾ പെട്ടന്നാണ് വാഹനത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് .അവയെ ശല്യം ചെയ്യാതിരുന്നാൽ തിരിച്ചും ഉപദ്രവം ഉണ്ടാകില്ല റോഡ് മറികടന്ന്  അവപോയിക്കോളും .അനാവിശ്യമായി ബഹളവും തമാശയുമൊക്കെ കാണിക്കാൻ മുതിർന്നാൽ അവ നമുക്ക് നേരെ തിരിയും .

gavi,travel on wheels,asish jolly

കുന്നുകളും മലകളും വലിയ ഗർത്തങ്ങളും അണക്കെട്ടുകളും കണ്ട് കാട്ടിലൂടെ യാത്ര തുടരാം .നഗരത്തിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും പൂർണമായി ഒരു മുക്തി നേടാൻ ഗവി യാത്ര നമ്മെ സഹായിക്കും 

gavi,travel on wheels,asish jolly

സമുദ്ര നിരപ്പിൽ നിന്ന് 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ തണുത്ത കാലാവസ്ഥ ആണ് ഇവിടെ എപ്പോഴും .ഹരിതശോഭയാർന്ന നിരവധി വ്യൂ പോയിന്റ് ആണ് സഞ്ചാരികൾക്കായി ഗവി ഒരുക്കിയിരിക്കുന്നത്  ,എന്നാലും ഇതിലെ പ്രധാനിയാണ് വാലി വ്യൂ .ഇവിടെ നിന്നാൽ താഴ്വാരങ്ങളും നീർച്ചാലുകളും നന്നായി വീക്ഷിക്കാനാകും .മറ്റൊരു  പ്രധാന ആകർഷണമാണ്  വനത്തിനു നടുവിൽ ടെന്റ് കൂട്ടി താമസിക്കുന്നത്. 

മറ്റെങ്ങും അവകാശപ്പെടാനാവാത്ത ഒരു അനുഭൂതിയായിരിക്കും രാത്രി നിലാവെട്ടത്തു തണുത്ത കാറ്റ് ഓടിക്കളിക്കുന്നതിനു നടുവിൽ കാടിന്റെ നിശബ്ദത അറിഞ്ഞു ഒരു ടെന്ററിനു കീഴിൽ ഒരു രാത്രി കഴിച്ചുകൂട്ടുന്നത്  .ഇതിനു പുറമെ ഏറുമാടങ്ങളിലും അന്തിയുറങ്ങാനുമുള്ള അവസരം ലഭിക്കും .ഇത്തരം സേവനങ്ങൾക്ക് മുൻകൂട്ടി ബുക്ക്  ചെയ്ത് ഉറപ്പ് വരുത്തിയിട്ട് വേണം ഗവിയിലെത്താൻ 

സ്വന്തം വണ്ടിയിൽ വരുമ്പോൾ

ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ്  ചെക്ക് പോസ്റ്റിൽ നിന്നും മുൻകൂട്ടി പാസുകൾ കൈപ്പറ്റിയാൽ മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളു   .ഓൺലൈയിനിൽ ബുക്ക് ചെയ്തുവേണം ഫോറസ്റ്റ്  ഓഫീസിൽ പോയി പാസ് മേടിക്കാൻ .ഒരു ദിവസം 30 വണ്ടികൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കാറുള്ളു .അതുകൊണ്ടു തന്നെ അതിരാവിലെ ഇവിടെ എത്താൻ ശ്രമിക്കുക .മലയോര പ്രദേശങ്ങളിൽ വാഹനം ഓടിച്ചു പരിചയം ഉള്ള ഒരാൾ ഒപ്പമുള്ളത് നല്ലതായിരിക്കും

ആനവണ്ടി യാത്ര 

gavi,travel on wheels,asish jolly

ഗവിയിലേക്കുള്ള യാത്രയിൽ കൂടുതൽ  ആളുകളും തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് ആനവണ്ടി യാത്ര . പത്തനംതിട്ട കെ .എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഗവി വഴി കുമളിയിലേക്ക് ബസ് ഉണ്ട് .ബസുകളുടെ കൃത്യ സമയവും സർവീസും അറിയുവാൻ അതാത് ഡിപ്പോകളുമായി ബന്ധപ്പെട്ടാൽമതി 

ഓഫ് റോഡ് മുതൽ ക്യാമ്പിങ്   വരെ

ഓഫ്‌റോഡിങ് മുതൽ ക്യാമ്പിങ്  വരെ ഒരു സഞ്ചാരിക്ക് ആസ്വദിക്കാൻ വേണ്ടത് എല്ലാം ഇവിടെ ഉണ്ട് .പരിസ്ഥിതി ടൂറിസത്തെ ഉയർത്തിപ്പിടിക്കുന്ന ഇടമായതിനാൽ മറ്റിടങ്ങളിൽ നിന്നും ഇവിടം തീർത്തും വ്യത്യസ്തമാണ് .ട്രക്കിങ് ,വൈൽഡ് ലൈഫ് വാച്ചിങ് ,ഔട്ട് ഡോർ ക്യാംപിങ് ,രാത്രി സഫാരി  തുടങ്ങിയവ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം   

gavi,travel on wheels,asish jolly

ശ്രദ്ധിക്കുവാൻ

പ്രകൃതിയെ അതിന്റെതായ രീതിയിൽ സംരക്ഷിക്കുന്ന ഒരിടമാണിത് .അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് നാലിന്യങ്ങൾ ,ഭക്ഷണാവശിഷ്ട്ങ്ങൾ തുടങ്ങിയവ ഒന്നും കാടിനുള്ളിൽ കളയാൻ അനുമതിയില്ല .കൊച്ചാണ്ടി ,വള്ളക്കടവ് ,ഗവി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ വാഹനം പരിശോധിക്കും 

എത്തിച്ചേരാം

റാന്നി ,വടശ്ശേരിക്കര ,സീതത്തോട് ,ചിറ്റാർ ,ആങ്ങമൂഴി വഴിയാണ് ഗവിയിലേക്ക് പോകേണ്ടത്,തിരികെ വണ്ടിപ്പെരിയാർ വഴി മടങ്ങാം

 Gavi

country                      :India
 
state                           :Kerala
 
district                       : Pathanamthitta
 
elevation                    :1036 m
 
vehicle  registration : KL-62
 
area code                   :04865
 
pin code                     :685509
 

Saturday, November 7, 2020

കോടമഞ്ഞിന്റെ മൂടുപടം നീക്കിയൊരു യാത്ര

 budget travel on wheels @  ilavizhapoonchira

 

 ഇലവീഴാപൂഞ്ചിറ

 സ്വർണത്തിൽ മുക്കിയ ഒരു സൂര്യോദയം കാണണമെകിൽ  നേരെ വണ്ടി എടുത്തു ഇങ്ങോട്ടു പോരൂ ഇലകൾ കൊഴിഞ്ഞുവീഴാത്ത ഈ താഴ്വരയിലേക്ക്

ഏതു നേരവും നമ്മെ   തഴുകിയെത്തുന്ന കുളിർ കാറ്റ് , മലനിരകളെ പൊതിഞ്ഞുസംരക്ഷിക്കാൻ സ്വയം ഒരു മൂടുപടമാകുന്ന കോടമഞ്ഞ് ,ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂൽമഴ ........ ഇലവീഴാപൂഞ്ചിറയെ  സുന്ദരിയാകാൻ  ഇത്രയൊക്കെ   തന്നെ  ധാരാളം . 

Ilaveezhapoomchira,ilaveezhapoonchira view,travel on wheels,asish jolly,hill station , kottayam tourist place

 

പേരിൽ കൗതുകം നിറഞ്ഞിരിക്കുന്ന  ഈ സുന്ദരിയെ ഒന്ന് കാണാൻ കൊതിക്കാത്തവർ ചുരുക്കം .നയനങ്ങളെ  വിസ്മയിപ്പിക്കുന്ന  കാഴ്ചകളാണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത് 

കോട്ടയത്തിന്റെ സ്വന്തമെങ്കിലും ഇടുക്കി അതിർത്തിയോടു അടുത്തുനിൽകുന്നത്ത് കൊണ്ട് ഇടുക്കിയുടെ സൗന്ദര്യമാണ് ഇലവീഴാപൂഞ്ചിറക്ക് .

മൂന്നുമലകൾ ചേരുന്ന ഒരു മനോഹര പ്രദേശമാണ്  ഇലവീഴാപൂഞ്ചിറ . സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന . മാൻകുന്ന് ,കൊടിയത്തൂർ മല ,തോണിപ്പാറ ഈ മൂന്നു മലകൾ വിരിക്കുന്ന  സൗന്ദര്യം പറഞ്ഞറിയിക്കാൻ  കഴിയില്ല . പൂഞ്ചിറയിൽ  എത്തിയാൽ ആദ്യം  കാണുന്ന കാഴ്ച  നീലാകാശത്തു തൊട്ടു നിൽക്കുന്ന  മനോഹരമായ പൂൽമേടാണ്  .പുൽമേടിലൂടെ  നടന്നുനീങ്ങുമ്പോൾ  കാതുകളിൽ  ചൂളം മീട്ടുന്ന  കാറ്റ് . കാറ്റിനൊപ്പം പുൽമേടിനെ  കുളിരണിയിക്കാനെത്തുന്ന നൂൽമഴയും .
 

travel on wheels,asish jolly ,ilavizhapoonchira

ജീപ്പും ബൈക്കും  മാത്രം എത്തിച്ചേരുന്ന  ഒരിടം ......... എന്നാൽ  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ വഴികളിലൂടെയുള്ള യാത്ര ആണ്  ഇലവീഴാപൂഞ്ചിറയെ  വ്യത്യസ്തമാക്കുന്നത് 

 

സൂര്യൻ രാജകീയമായി    അവതരിക്കുന്നത് കാണണമെങ്കിൽ  ഇലവീഴാപ്പൂഞ്ചിറയിൽ എത്തണം .സൂര്യന്റെ  പ്രൗഢശോഭയാർന്ന ഉദയവും അസ്തമയവും  ഇലവീഴാപൂഞ്ചിയിൽ ചെന്ന് കാണേണ്ടതുതന്നെ ആണ് . പക്ഷേ കോടമഞ്ഞ്‌ മിക്കപ്പോഴും ഇതിനു ഒരു വില്ലനായി അവതരിക്കാറുണ്ട് .


മലനിരകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന കോടമഞ്ഞ് മാറിയാൽ ഇടുക്കി ,ആലപ്പുഴ ,പത്തനംതിട്ട ,എറണാകുളം ,തൃശൂർ ജില്ലകൾ ഇലവീഴാപൂഞ്ചിറയിൽ നിന്നും കാണാൻകഴിയും .എന്നാൽ ഡിസംബറിൽ ഈ കാഴ്ച കാണാം എന്ന് പ്രതിക്ഷിച്ചു ആരും തന്നെ ഇങ്ങോട്ട്  വരണ്ട ,കോടമഞ്ഞ് നിങ്ങളെ നിരാശപ്പെടുത്തും 

travel on wheels,asish jolly ,ilavizhapoonchira

സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ ഇലവീഴാപൂഞ്ചിറ ഒറ്റയ്ക്കാകും ,നിശബ്ദതയുടെ നടുവിൽ നിന്നും   ചീവീടുകളുടെ പാട്ടുകൾ മുഴങ്ങാൻ തുടങ്ങും . .മേഘങ്ങളുടെ മറയിൽ നിന്ന് ചന്ദ്രനും ഇലവീഴാപൂഞ്ചിറയിലേക്ക് വരുന്നതോടെ  കുന്നിൻ  മുകളിലെ  പുൽച്ചെടികൾക്കിടയിൽക്കൂടെ തണുത്ത കാറ്റ് ഉലാത്തുന്നതും ആസ്വദിച്ചു പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു മൂൺ ലൈറ്റ് വാക്കിങ് നടത്താം ,ചന്ദ്രനും  നക്ഷത്രങ്ങളും താരാട്ടുപാടുന്ന ആകാശം നോക്കി എത്രനേരം പാറപ്പുറങ്ങളിൽ  ഇരുന്നാലും മതിവരില്ല 

 

travel on wheels,asish jolly ,ilavizhapoonchira

ഇലവീഴാപൂഞ്ചിറയുടെ മനോഹാരിത ഏറ്റവും നന്നായി ആസ്വദിക്കാൻ  പറ്റിയ സമയം ഒക്ടോബർ ,നവംബർ മാസങ്ങളാണ് ഡിസംബർ ആയിക്കഴിഞ്ഞാൽ പിന്നെ മൂടൽമഞ്ഞ് ഇലവീഴാപൂഞ്ചിറയെ വിട്ടുപോകത്തില്ല

 

ആടിയുലഞ്ഞ്  ഒരു ജീപ്പ്  സവാരി

നടക്കാൻ താൽപര്യം ഇല്ലാത്തവർക്ക് ജീപ്പ് സവാരിയാണ് നല്ലത് .ഇലവീഴാപൂഞ്ചിറയിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള കാഞ്ഞാറിൽ നിന്ന് ഇവിടേക്ക്  ജീപ്പ്  ലഭിക്കും .കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് കുത്തനെ ഉള്ള  യാത്ര, ഓഫ്‌റോഡ് പ്രേമികൾക്ക് അവിസ്മരണീയമായ  ഒരു യാത്രയാണ്   സമ്മാനിക്കുന്നത്  .എന്നിരുന്നാലും സാഹസികത ഇഷ്ട്ടപെടുന്നവർക്ക് മാത്രമെ ഈ യാത്ര ആസ്വദിക്കാൻ തോന്നുകയുള്ളു കാരണം അത്ര ദുർഘടമായ പാതയാണ് ഇത് 

travel on wheels,asish jolly ,ilavizhapoonchira

 

എത്തിച്ചേരാൻ
55 കിലോമീറ്റർ അകലെയുള്ള  കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ , തൊടുപുഴ ആണ്  ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡ് . തൊടുപുഴയിൽ നിന്നും 20  കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപ്പൂഞ്ചിറയിൽ എത്താം 

Ilavizhapoonchira

country                      :India 

state                           :Kerala

 district                       :Kottayam(border )

elevation                    :3200 feet

pin code                     :686001  

 vehicle reg                : KL-04

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...